തിരുവനന്തപുരം: ഗുജറാത്തി പത്രമായ സന്ദേശില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നല്‍കിയ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു മലയാളി ആണ് ഗുജറാത്തിയിലുള്ള പത്രം വായിക്കുന്നത് എന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
എന്റെ കയ്യില്‍ ഉള്ളത് ഗുജറാത്തിലെ ഒരു പത്രമാണ്. ഏതു മലയാളി ആണ് ഗുജറാത്തിയിലെ പത്രം വായിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പരസ്യം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയാണ്. എനിക്ക് ഗുജറാത്തി വായിക്കാന്‍ അറിയില്ല. ഗുജറാത്തില്‍ കേരളത്തിന്റെ പരസ്യമാണ്.
ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും വിവിധ ഭാഷകളില്‍ പരസ്യം കൊടുക്കുകയാണ്. ഇത് ഗുജറാത്തിലെ ഒരു പത്രം ഇറക്കിയതാണ്. ഇതിന്റെ പേര് വായിക്കാന്‍ എനിക്ക് അറിയില്ല. ഇതാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വർഷം കൊണ്ട് എല്ലാ മേഖലയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്വം.
ഞങ്ങള്‍ മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ച് നിങ്ങളെ അക്രമിക്കാത്തത് കൊണ്ടാണോ? നിങ്ങളോടു ഞങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയാത്തത് കൊണ്ടാണോ? ഞങ്ങള്‍ക്ക് അനൂകൂല്യങ്ങള്‍ നല്കാന്‍ കഴിയാത്തതു കൊണ്ടാണോ? കേരളത്തിലെ പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഒരു പരിഗണനയും ലഭിക്കുന്നില്ല എന്നുള്ളത് ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നത്.’