തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8.30 ന് പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. പെൺകുട്ടിയുടെ മുഖത്തടിച്ചു. മുടിയിൽ കുത്തി പിടിച്ചു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.
പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുഖത്താണ് അടിച്ചത്. മകളെയും മർദ്ദിച്ചു. പോലീസ് മകളുടെ അടക്കം മൊഴിയെടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ആക്രമണത്തിൽ കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.