ലക്നൗ : അയോധ്യ ഭുമിയിടപാടില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ ബി.ജെ.പി നേതാക്കളും ബന്ധുക്കളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഭൂമി ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിട്ട യോഗി ആദിത്യനാഥ് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിനു പിന്നിലെന്നുമാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. രേഖകള്‍ സഹിതം ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യു.പി അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിങ് പറഞ്ഞു. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്പെഷല്‍ സെക്രട്ടറി റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു വകുപ്പിലെ സ്പെഷല്‍ സെക്രട്ടറി ശ്യാം മിശ്രക്കാണ് അന്വേഷണ ചുമതലയെന്നാണ് വിവരം. 2020 ഫെബ്രുവരിയിലാണ് മോദി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിന്‍റെ മേല്‍നോട്ടമാണ് ചുമതല. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ടര്‍ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ മിനിറ്റുകള്‍ കഴിഞ്ഞ് രാമ ജന്മഭൂമി ട്രസ്റ്റിന് വിറ്റത് 18.5 കോടിക്കാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.