കോഴിക്കോട് : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരഗണ്‍ ഗ്രൂപ്പിന്റെ റെസ്റ്റോറന്റുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടിക്കൊരുങ്ങി ഹോട്ടല്‍ അധികൃതര്‍. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രചാരണം .
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതോ ബിസ്‌നസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയോ അല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍ .
കോഴിക്കോട് ജില്ലയിലെ പാരഗണ്‍ ഹോട്ടലും അവരുടെ സഹോദര സ്ഥാപനവുമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രചാരണം. ‘സോള്‍ജേഴ്സ് ഓഫ് ക്രോസ്’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇതുമായി ആദ്യ പ്രചാരണം ആരംഭിച്ചത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിൽ, കോഴിക്കോട്ടുള്ള 15 റസ്റ്റോറന്റുകളില്‍ തുപ്പല്‍ രഹിത ഭക്ഷണമാണ് വിളമ്പുന്നതെന്നായിരുന്നു പ്രചാരണം.
ഈ ഹോട്ടലുകളുടെ പട്ടികയില്‍ പാരഗണ്‍ ഹോട്ടലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാരഗണ്‍ ഗ്രൂപ്പുടമ സംഘപരിവാര്‍ അനുകൂലിയാണെന്നും ഈ അവസരത്തില്‍ മുതലെടുപ്പ് നടക്കുകയാണെന്നുമുള്ള പ്രചാരണം ആരംഭിച്ചത്. മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന പ്രൊഫൈലുകളില്‍ നിന്നാണ് ഈ പ്രചരണം ആരംഭിച്ചത്. പാരഗണിന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രചാരണത്തില്‍ പറയുന്നു. ഇതോടെയാണ് വിശദീകരണവുമായി പാരഗണ്‍ ഗ്രൂപ്പ് രംഗത്തെത്തിയത്.
ഞങ്ങളുടെ പേര് ഉപയോഗിച്ച് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. എട്ട് പതിറ്റാണ്ടിലേറെയായി ജാതിമതഭേദമെന്യേ ജനങ്ങള്‍ക്ക് ഞങ്ങള്‍ ഭക്ഷണം വിളമ്പുന്നു. ആരാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മതപരമായ അസഹിഷ്ണുതയാണോ ബിസിനസ്സ് വൈരാഗ്യമാണോ ഇത് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ പോലീസിനെ സമീപിച്ചിരിക്കുകയാണെന്ന് പാരഗണ്‍ ഹോട്ടലുടമ സുമേഷ് ഗോവിന്ദ് പറഞ്ഞു.
വിവാദത്തിന് കാരണം
ഈ മാസം ആദ്യം ഹിന്ദുത്വ ഘടകങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ക്ലിപ്പില്‍ നിന്നാണ് ‘തുപ്പിയ ഭക്ഷണം എന്ന പേരില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രാചരണം ഉണ്ടായത്. ഒരു മുസ്ലീം പുരോഹിതന്‍ ബിരിയാണി ചെമ്പിന്റെ അടുത്തെത്തുന്നത് വീഡിയോ ഫൂട്ടേജില്‍ കാണിക്കുന്നു, അത് ‘ഭക്ഷണം ഹലാലാക്കാന്‍ തുപ്പുന്നു’ എന്നാണ് സംഘപരിവാര്‍ പ്രചരാണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഇത്രയും നികൃഷ്ടമായ അനാചാരങ്ങള്‍ ഇന്നും ഒരു പരിഷ്‌കൃതസമൂഹത്തില്‍ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികള്‍ അനങ്ങുന്നില്ല എന്നാണ് കെ സുരേന്ദ്രന്‍ വീഡിയോ പങ്കുവച്ച് ചോദിച്ചത്. പണ്ടൊക്കെ യുക്തിവാദികള്‍ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവര്‍സ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? എന്നും അദ്ദേഹം പറഞ്ഞിരുന്നു.