കൊല്ലം : പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടില്‍ ദിലീപാ(27)ണ് പ്രതി. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് 51 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതി തുടര്‍ച്ചയായി 20 വര്‍ഷം തടവ് അനുഭവിക്കണം. ഏറെനാളായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ദിലീപ്. വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചു. 2020 ഡിസംബറില്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
പരിശോധന നടത്തിയ ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് ശൂരനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഡിവൈ.എസ്.പി. ആയിരുന്ന രാജ്കുമാര്‍, സി.ഐ. ഫിറോസ്, എസ്.ഐ. റഷീദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ദിലീപ് അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തതിൽ കരുനാഗപ്പള്ളി പോലീസ് കരുനാഗപ്പള്ളി സബ് കോടതയില്‍ വിചാരണ നടക്കാനിരിക്കുകയാണ്. ഒളിവില്‍പ്പോയ പ്രതി അതിജീവിതയുടെ സഹോദരനെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.