മുംബൈ : ടീം ഇന്ത്യക്ക് ടി20 ലോകകപ്പ് നേടണമെങ്കില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കൂടിയേ തീരുവെന്ന് ന്യൂസിലന്‍ഡ് മുന്‍ പേസറും മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ചുമായ ഷെയ്‌ന്‍ ബോണ്ട്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് ഹാര്‍ദിക് ഗംഭീരമായി നയിച്ചുവെന്ന് ബോണ്ട് പ്രശംസിച്ചു.
‘ഹാര്‍ദിക് പാണ്ഡ്യ കൂള്‍ ക്യാപ്റ്റനാണ്. എന്‍റെ ആദ്യ ഐപിഎല്‍ സീസണില്‍ അദേഹം മുംബൈ ഇന്ത്യയിലുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഏറെ സമയം ഒന്നിച്ച് ചിലവൊഴിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നായകനായി ഇക്കുറി ഗംഭീര പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തത്. ഞാനയാളെ മിസ് ചെയ്യുന്നുണ്ട്. ക്വാളിറ്റി പ്ലെയര്‍ എന്ന നിലയില്‍ ഹാര്‍ദിക് ടീമിലുള്ളത് നല്ലതായിരുന്നു. ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനെ ടീം ഇന്ത്യക്ക് ആവശ്യമുണ്ട്. എത്രത്തോളം ക്വാളിറ്റിയുള്ള താരമാണ് ഹാര്‍ദിക് എന്ന് തെളിയിച്ചുകഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയൊരു മികച്ച ലീഡര്‍ കൂടിയാണ്’ എന്നും ഷെയ്‌ന്‍ ബോണ്ട് സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം ചൂടിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. ഹാര്‍ദിക് പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് പേരിലാക്കി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികവോടെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ജൂണ്‍ 9ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആരംഭിക്കുന്ന അഞ്ച് ടി20കളുടെ പരമ്പരയിലെ ആകര്‍ഷണാകേന്ദ്രം ഹാര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ‍്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.