പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് പത്തനംതിട്ടയിൽ സൗജന്യ ഉച്ചഭക്ഷണം നൽകി അഖിലഭാരത അയ്യപ്പസേവാ സംഘം. കെ.എസ്.ആർ.ടി.സി. ബസ്‍സ്റ്റാൻഡിൽ ആണ് അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം മണ്ഡല-മകരവിളക്ക് കാലത്ത് നടക്കുന്നത്. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.പി.ഹരിദാസൻസ്വാമി അന്നദാനം ഏറ്റെടുത്തിട്ട് ഇത്തവണ 38 വർഷം പൂർത്തിയായി. കെ.എസ്.ആർ.ടി.സി. അധികാരികളുടെ അനുമതിയോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസും കരുതിയാണ് അന്നദാന വിതരണം നടത്തുന്നത്.
ദിവസവും ഉച്ചയ്‌ക്ക് 12.30 ആകുമ്പോൾ ചോറും മൂന്നുകൂട്ടം കറികളുമായി ഹരിദാസൻസ്വാമിയും സംഘവും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തും. തോരൻ, തൊട്ടുകറി, സാമ്പാർ, പുളിശ്ശേരി, പപ്പടം എന്നിവയാണ് വിതരണം ചെയ്യുന്നത്.