ഹത്‌റാസ് : ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കും. അലിഗഡ് മെഡിക്കല്‍ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ് പിന്‍വലിക്കുക. അസീം മാലിക്കിന്റെ കാലാവധി നീട്ടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ ഉബൈദ് ഹഖിന്റേയും കാലാവധി നീട്ടും.
ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസീം മാലിക്കിന് ആശുപത്രി അധികൃതര്‍ കത്ത് നല്‍കിയത്. കൃത്യമായ കാരണം പറയാതെയായിരുന്നു നടപടി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്.
ഹത്‌റാസില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഡ് മെഡിക്കല്‍ കോളജിലായിരുന്നു. മെഡിക്കല്‍ കോളജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്നു അസീം മാലിക്ക്. ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നതിന് പിന്നാലെ ഒക്ടോബര്‍ 16 ന് അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയക്കുകയായിരുന്നു.