കൊച്ചി : ശബരിമലയില്‍ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതില്‍ സംശയമില്ലെന്നും കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസില്‍ എ എച്ച് പി നേതാവായ പ്രതീഷ് വിശ്വനാഥ്, ബിജെപി നേതാവ് സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികള്‍ ബിജെപി /ഹിന്ദു സംഘടനാ നേതാക്കളാണെന്നും കോടതി പറഞ്ഞു. സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബര്‍ 12നാണ് ഇവരെ കേസില്‍ പ്രതികളാക്കിയത്.
ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാര്‍ഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബര്‍ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസില്‍ പറയുന്നു. എന്നാല്‍ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.