കൊച്ചി: മത്സ്യബന്ധന ബോട്ടുകളില്‍നിന്ന് 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യത്തില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡിസണ്‍, ജിംസണ് എന്നിവര്‍ നിരപരാധികളാണെന്നും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഇവരുടെ മാതാവ് പൂന്തുറ പുതിയ ഫിഷര്‍മെന്‍ കോളനിയിലെ വത്സല ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) ഡയറക്ടര്‍ ജനറലിന് നല്കിയ നിവേദനം പരിഗണിച്ച് തീര്‍പ്പാക്കാനാണ് ജസ്റ്റിസ് മേരി ജോസഫിന്റെ നിര്‍ദേശം.
മേയ് 18നാണ് ലക്ഷദ്വീപിന് സമീപം കടലില്‍വെച്ച് ലിറ്റില്‍ ജീസസ്, പ്രിന്‍സ് എന്നീ ബോട്ടുകളില്‍നിന്ന് 218 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇവയിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ മക്കള്‍ മത്സ്യത്തൊഴിലാളികളാണെന്നും അവര്‍ക്ക് ലഹരിമരുന്നു കടത്തുമായി ബന്ധമില്ലെന്നുമാണ് വത്സലയുടെ ഹരജിയിലെ വാദം.
പ്രതികളുടെ മൊഴിയെത്തുടര്‍ന്ന് ബോട്ടുടമകളായ ക്രിസ്പെന്‍, അര്‍ബത്ത് അലി, ഫൈസല്‍ റഹ്മാന്, ബാലകൃഷ്ണന് പെരിയസ്വാമി പിള്ളയെയും അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ച് ഇവര്‍ മക്കളെ ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെന്നും വത്സല പറയുന്നു. മക്കളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്തില്‍ പങ്കുള്ള ബോട്ടുടമകള്‍ക്കെതിരെ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.





























