പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന താരമെത്തി. റെനോ അവരുടെ കരുത്തുറ്റ മോഡലായ 2024 ഡസ്റ്ററിനെ ഔദ്യോഗികമായി പുറത്തിറക്കി. ഈ മോഡല്‍ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ മോഡല്‍ ലോഗോകളിലും ബ്രാന്‍ഡിംഗുകളിലും സൂക്ഷ്മമായ മാറ്റങ്ങളോടെ ഡാസിയ ഡസ്റ്ററിനോട് സാമ്യമുള്ള ഒരു ഡിസൈനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വേരിയന്റിലെ പവര്‍ട്രെയിന്‍ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും ആഗോളതലത്തില്‍ 2024 ഡസ്റ്റര്‍ മൂന്ന് എഞ്ചിന്‍ ചോയിസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സമാനമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന ഘടകം. ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ ഒരു തീരുമാനം ആയേക്കും. ആഗോള വിപണിയില്‍ അവതരിപ്പിച്ച മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നവയാണ്. ആദ്യ വേരിയന്റിന് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉണ്ട്, ഇത് 140 bhp കരുത്തും 148 nm ടോര്‍ക്കും നല്‍കാന്‍ കെല്‍പുള്ളതാണ്. 1.2 kwh ബാറ്ററി പാക്കിനൊപ്പം 24.5 കിലോമീറ്റര്‍ എന്ന ശ്രദ്ധേയമായ ഇന്ധനക്ഷമതയാണ് റെനോ അവകാശപ്പെടുന്നത്.
രണ്ടാമത്തെ ഓപ്ഷനില്‍ മില്ലര്‍ സൈക്കിളില്‍ പ്രവര്‍ത്തിക്കുന്ന 48 v ഇലക്ട്രിക് മോട്ടോറുമായി ജോഡിയാക്കിയ 1.2-ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ നൂതന സംയോജനം ആരംഭിക്കുമ്പോഴും ത്വരിതപ്പെടുത്തുമ്പോഴും ജ്വലന എഞ്ചിനെ സഹായിക്കുന്നു. ഇത് ശരാശരി ഉപഭോഗം കുറയ്ക്കുന്നതിനെ സഹായിക്കുന്നു. 0.8 സണവ ബാറ്ററി റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിലൂടെ ചാര്‍ജ് ചെയ്യപ്പെടുന്നു. 2024 ഡസ്റ്റര്‍ പെട്രോളില്‍ കൂടി പ്രവര്‍ത്തിക്കുന്ന ഒരു എല്‍പിജി ഓപ്ഷനും അവതരിപ്പിക്കുന്നു. ഇതില്‍ രണ്ട് ടാങ്കുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഓരോന്നിനും 50 ലിറ്റര്‍ ശേഷി വീതമാവും ഉണ്ടാവുക. ഒന്ന് പെട്രോളിനും മറ്റൊന്ന് എല്‍പിജിക്കും. ഡാഷ്ബോര്‍ഡിലെ ഒരു ബട്ടണ്‍ അമര്‍ത്തി ഇന്ധന തരങ്ങള്‍ക്കിടയില്‍ മാറാന്‍ ഈ വേരിന്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാല്‍ ഈ പ്രത്യേക എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ലെന്നാണ് സൂചന.