കാഞ്ഞങ്ങാട് : ഗർഭിണിയായ ആടിനെ വേട്ടനായ്ക്കളെ വിട്ട് കൊലപ്പെടുത്തി ഇറച്ചിയാക്കി വിൽപന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പുങ്ങംചാലിലെ ചാളി എന്ന മിഥുൻ മോഹനെയാണ് (31) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പറമ്പിൽ മേയാൻ കെട്ടിയ ആടിനെ കാണാനില്ലെന്ന് കാണിച്ച് പുങ്ങംചാൽ പറാടാങ്കയത്തെ കാനത്തിൽ സന്തോഷ് നൽകിയ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ചാളി എന്ന മിഥുൻ മോഹനെ സംശയാസ്പദമായ രീതിയിൽ ഈ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതാണ് വഴിത്തിരിവായത്. ചാളി കാറിൽ ആടിനെ ചാക്കിൽ കെട്ടി കടത്തിക്കൊണ്ടു പോയതിനും സാക്ഷികളുണ്ടായിരുന്നു. അട്ടേങ്ങാനം സ്വദേശിയായ കാർ ഉടമക്കാണ് ആടിനെ വിറ്റത്. വിലക്കുവാങ്ങിയ ആടാണെന്നും ഇറച്ചി വില തവണകളായി തന്നാൽ മതിയെന്നും ഇയാളോട് പറഞ്ഞിരുന്നു. പിന്നാലെ ആട്ടിറച്ചിയും കണ്ടെത്തി. നായുടെ ഉടമയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ചാളിയെ കോടതിയിൽ ഹാജരാക്കി.





























