തിരുവനന്തപുരം: റാഗിങ്ങിനെതിരെ കർശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ രഹസ്യ സർവേ, പരാതി അയക്കാൻ ഇ-മെയിൽ, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏർപ്പെടുത്തണം. പ്രശ്നക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതൽ മെഡിക്കൽ വിദ്യാഭ്യാസ തലത്തിൽ വരെ ആന്റീ റാഗിങ് സെൽ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. റാഗിങ്ങിന് എതിരായ ബോധവൽക്കരണ ക്ലാസിൽ എല്ലാകുട്ടികളെയും പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്. അധ്യായന വർഷം ആരംഭിച്ച് ആദ്യ ആറ് മാസത്തിൽ കുറഞ്ഞത് മൂന്ന് ആന്റി റാഗിങ് ക്ലാസുകൾ നടത്തണം.
കോളജുകളിലും ഹോസ്റ്റലുകളിലും റാഗിങ് ശിക്ഷയെക്കുറിച്ചും, ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങളുടെ ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം. ഒന്നാം വർഷ വിദ്യാർത്ഥികൾക്കിടയിൽ രഹസ്യ സർവേകൾ നടത്തണം. എല്ലാ കോളജുകളും ഒരു തനതായ ഒരു കർമ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. സ്‌ക്വാഡുകളും രൂപീകരിച്ച് ഹോസ്റ്റലുകൾ, ബസുകൾ, കാന്റീനുകൾ, ഗ്രൗണ്ടുകൾ, ക്ലാസ് മുറികൾ, വിദ്യാർത്ഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൂക്ഷമ പരിശോധന നടത്തണം. പ്രശ്നക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി നടപടി എടുക്കണം. സിസിടിവി നിരീക്ഷണം ശക്തമാക്കണം. നിലവിൽ റാഗിങ് സംബന്ധമായ സ്ഥിവിവരക്കണക്ക് എല്ലാ മാസവും 5 ന് കോളജ് അറിയിക്കുകയും, ഈ കണക്കുകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ 10 ന് പ്രസിദ്ധീകരിക്കുകയും വേണം. റാഗിങ് പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിലും, തടയുന്നതിലും പരാജയപ്പെട്ടാൽ പ്രിൻസിപ്പലിനെതിരെ റാഗിങ് പ്രേരണക്കുറ്റം ചുമത്താമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്സിങ് കോളജുകളിലാണ് നിർദേശങ്ങൾ ആദ്യം നടപ്പാക്കേണ്ടത്.