തിരുവനന്തപുരം : ആര്‍സിസിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു. കുണ്ടയം ചരുവിള വീട്ടില്‍ നദീറയാണ് (22) മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മേയ് 15നായിരുന്നു അപകടം. ലിഫ്റ്റ് തകരാറിലാണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
ആര്‍ സി സിയില്‍ ചികിത്സയിലായിരുന്ന അമ്മ നസീമയെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് വീണത്. ഇവര്‍ രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. സുരക്ഷാ ജീവനക്കാരാണ് ചലിക്കാനാവാതെ കിടന്ന നദീറയെ കണ്ടെത്തിയത്.
അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ ഫലം. ഒരുമാസമായി തിരുവനന്തപുരം മെഡി. കോളജില്‍ ചികില്‍സയിലായിരുന്നു. ആശുപത്രിയധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.