തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പകല്‍ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്ന ജോലികളിലും പരിപാടികളിലും ഏര്‍പ്പെടുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വലിയ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം ചൂട് ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് അലേര്‍ട്ട്.
ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ ചൂടുയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാന്‍ ശ്രമിക്കുക. തുടര്‍ച്ചയായി ശരീരത്തില്‍ വെയില്‍ ഏല്‍ക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാന്‍ ശ്രദ്ധിക്കുകയും വേണം. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിയുള്ളവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേല്‍ക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.





























