പത്തനംതിട്ട : തോരാതെ പെയ്യുന്ന മഴയില്‍ ഭീതിയോടെ പത്തനംതിട്ട ജില്ലക്കാര്‍. ഇന്ന് രാവിലെ 9 മണിയോടെയാണ് മഴ ആരംഭിച്ചത്. തുടക്കത്തില്‍ ശക്തി കുറവായിരുന്നുവെങ്കിലും പിന്നീട് മഴ ശക്തി പ്രാപിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്ങും. ഇന്നലെ അല്‍പ്പം തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ ഉരുള്‍ പൊട്ടലിന്റെയും അച്ചന്‍കോവിലാറ്റിലെ വെള്ളപ്പൊക്കവും ആയിരുന്നു പത്തനംതിട്ടക്കാരെ കാത്തിരുന്നത്.
ജില്ലയിലെ മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മഴ തോരാതെ പെയ്യുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലാകുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒക്കെ പത്തനംതിട്ട ജില്ലയില്‍ കൂടുതലാണ്. തേക്കുതോട്, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് തുടങ്ങിയ പ്രദേശത്തുള്ളവരാണ് ഏറെ ഭയപ്പെട്ടു കഴിയുന്നത്. ഏതു സമയത്തും ഉരുള്‍ പൊട്ടി നദിയില്‍ വെള്ളം ഉയരുന്ന സ്ഥിതിയാണ് ഉള്ളത്.





























