റാന്നി: ഇന്നു വൈകിട്ട് അഞ്ചരയോടെ റാന്നിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ കനത്ത കാറ്റിലും മഴയിലും റാന്നി, വെച്ചൂച്ചിറ മേഖലകളില്‍ വന്‍ നാശനഷ്ടം. വീടുകളും കൃഷികളും വൈദ്യുതി തൂണുകളും തകര്‍ന്നു. റാന്നി സൗത്ത്, നോര്‍ത്ത്, വെച്ചൂച്ചിറ വൈദ്യുതി സെക്ഷനുകളുടെ കീഴിലാണ് കനത്ത നാശനഷ്ടമുണ്ടായത്. മുപ്പതോളം വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു വീഴുകയും അമ്പതോളം സ്ഥലത്ത് വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തു.
വലിയപതാല്‍, പാറേക്കടവ്, തോമ്പിക്കണ്ടം, മോതിരവയല്‍, ബ്ളോക്കുപടി, മന്ദിരം, വൈക്കം, വെച്ചൂച്ചിറ, കുളമാംകുഴി, അരയന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണത്. കഴിഞ്ഞ ദിവസത്തെ കനത്ത വേനല്‍മഴയില്‍ നിരവധി വൈദ്യുതി തൂണുകള്‍ വ്യാപകമായി തകര്‍ന്ന വീണതിന് പിന്നാലെയാണ് ഇന്നത്തെ സംഭവവും. നിലവിലെ സ്ഥിതിയില്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കുവാന്‍ താമസം നേരിടും. രണ്ടുതവണയായി പെയ്ത വേനല്‍ മഴയിലും കനത്തകാറ്റിലും വൈദ്യുതി വകുപ്പിന് വന്‍തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ കാറ്റും മഴയും കാരണം റാന്നി സൗത്ത് സെക്ഷന് കീഴിൽ എല്ലാ ഫീഡറുകളും സുരക്ഷാ കാരണങ്ങൾ കൊണ്ട് ഓഫ് ചെയ്തിരിക്കുകയാണ്. വെച്ചൂച്ചിറയില്‍ കുളമാംകുഴി, അരയൻപാറ പ്രദേശങ്ങളിലാണ് നാശ നഷ്ടം വലിയ തോതിൽ ഉണ്ടായത്. പുന്നോലിക്കുന്നേൽ സെബാസ്റ്റ്യന്‍ പുന്നൂസിന്റെ വീടിന്റെ ഒരു ഭാഗം കാറ്റിലും മഴയിലും തകർന്നു. ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗം അപ്പാടെ കാറ്റ് പറത്തിക്കൊണ്ട് പോകുകയാണുണ്ടായത്. കൂടാതെ ഒട്ടേറെ റബ്ബർ മരങ്ങളും കടപുഴകി.150 മൂട് ഏത്ത വാഴകളും കാറ്റിൽ നശിച്ചു. പുന്നോലിക്കുന്നേൽ അഗസ്റ്റിൻ പുന്നൂസ്, മണിമലേത്ത് ഓമന ചാക്കോ എന്നിവരുടെ കൃഷിയിടങ്ങളിലും കാറ്റിൽ നാശ നഷ്ടങ്ങളുണ്ടായി.