തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, കണ്ണൂർ, കോഴിക്കോട് ഒഴികെ ബാക്കി 11 ജില്ലകളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. കാറ്റിൻ്റെ വേഗത മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപാണ്‍ ചുഴലിക്കാറ്റിൻ്റെ സാന്നിധ്യം മൂലം കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപാണ്‍ ചുഴലിക്കാറ്റ് നിലവിൽ മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ പശ്ചിമബംഗാൾ – ഒഡീഷ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷയുടെ തീരദേശ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണസേനയുടെ വിവിധ യൂണിറ്റുകളെ ഇതിനോടകം വിന്യസിപ്പിച്ചു കഴിഞ്ഞു.