തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിൽ പരക്കെ നാശ നഷ്ടം. സാധാരണയിലും എട്ട് ദിവസം മുന്നേ കാലവർഷം കേരളത്തിലെത്തിയതോടെ മഴ ശക്തമായി. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി. കനത്തമഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങൾ വ്യാപകമായി കടപുഴകി വീടുകൾക്ക് അടക്കം കേടുപാടുകൾ പറ്റി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിൽ കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ മേൽക്കൂര തകർന്നു.
തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി കനത്ത കാറ്റും മഴയും ഉണ്ടായത് അര മണിക്കൂർ മാത്രമായിരുന്നു. പക്ഷെ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലത്ത് രാജ്ഭവന് മുന്നിൽ ഉള്‍പ്പെടെ പ്രധാന റോഡുകളിലെല്ലാം മരങ്ങൾ കടപുഴകി. പ്രസ്ക്ലബിന് മുന്നിലെ കൂറ്റൻ മരവും ഫോർട്ട് ആശുപത്രിക്ക് സമീപത്തെ വലിയമരവും കടപുഴകി വീണു. ഗ്രീൻ ഫീല്ഡ് സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്തെ മേല്‍ക്കൂര കാറ്റിൽ തകര്‍ന്നു. നെയ്യാറ്റിൻകരയിൽ മരങ്ങൾ വീണ് പെരുമ്പഴുതൂർ സ്വദേശി സുനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. പെരുമ്പഴുതൂർ സ്വദേശി ജയന്റെ 100 ഓളം കുലച്ച വാഴ കാറ്റിൽ ഒടിഞ്ഞു വീണു. അണ്ടൂർക്കോണം പഞ്ചായത്തിൽ വൻ കൃഷി നാശം ഉണ്ടായിട്ടുണ്ട്.