തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്.
ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്.പി. അല്ലെങ്കിൽ എസ്.പി.മാർക്കാണ്. ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകർമസേന എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്.