തിരുവനന്തപുരം: ഹെലികോപ്ടറിന്റെ കാറ്റടിച്ചുവീണ് പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിക്ക് ശസ്ത്രക്രിയ. വര്‍ക്കല ആറാട്ട് റോഡ് പുതുവല്‍വീട്ടില്‍ ഗിരിജ (55) യ്ക്കാണ് പരിക്കേറ്റത്. .ഡിസംബര്‍ 31ന് വര്‍ക്കല ഹെലിപ്പാഡിലാണ് സംഭവം. കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീണു. താഴെ വീണ ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
ഇവിടെ നടന്ന പരിശോധനയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്. ഹെലിപ്പാഡിനടുത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും. ഇതിനിടെ ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടര്‍ ഹെലിപ്പാഡില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.