കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെല്‍പ് ഡെസ്ക്കുകള്‍ തുടങ്ങിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായ പ്രദേശങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ്. കൂടാതെ ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാര്‍പ്പിച്ചു.
ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കൊവിഡ് കാരണം ക്യാമ്പുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ കഴിയില്ല. ഇതനുസരിച്ചുള്ള ക്രമീകരണം വരുത്തിയിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് താമസിക്കാന്‍ പ്രത്യേക കേന്ദ്രം ഒരുക്കുന്നതാണ്.
ഭൂതത്താന്‍ കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പെരിയാറില്‍ വെള്ളം ഉയരുന്നതിനനുസരിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് ക്രമപ്പെടുത്തും. സമീപ ജില്ലകളിലെ ഡാമുകളിലെ നില അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നേവി പോലീസ് ഫയര്‍ഫോഴ്‍സ് ദുരന്തനിവാരണ സേന അടക്കം എല്ലാവരേയും ചേര്‍ത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യ സമയത്ത് ഇവരുടെ സേവനം തേടുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ തുറവൂര്‍, മഞ്ഞപ്ര, ചൊവ്വര, കാലടി വില്ലേജുകളില്‍ കാറ്റിലും മഴയിലും ഏഴ് വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.