പന്തളം : ഗണേശോത്സവ ഘോഷയാത്രക്കിടെ വയോധികയെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. പ്രതികളായ ഗോകുൽ കൃഷ്ണ, വിഷ്ണുപ്രസാദ്, അക്ഷയ എന്നിവർക്കാണ് ഹൈകോടതി ജാമ്യം നൽകിയത്.കഴിഞ്ഞ ഒരാഴ്ചയായി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പന്തളത്ത് വിവിധ സംഘടനകൾ സമരരംഗത്തായിരുന്നു. ഇതിനിടയിലാണ് പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. എ.ബി.വി.പിയുടെ സംഘടന ചുമതലയിൽ ഉണ്ടായിരുന്ന നാലു പേരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് നടന്ന ഗണേശോത്സവ ഘോഷയാത്രക്കിടയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് വയോധിക അടൂർ ഏനാദിമംഗലം, ഇളമണ്ണൂർ പാറക്കൽ വീട്ടിൽ സുബൈദ ബീവിയെ (79) കൈയേറ്റം ചെയ്തു എന്നതാണ് കേസ്. സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ വിവിധ മതസംഘടനകളും സി.പി.എമ്മും സമര രംഗത്തായിരുന്നു. ഇതിനിടെ എസ്.ഡി.പി.ഐ -പോലീസ് കൂട്ടുകെട്ട് ആരോപിച്ച് സംഘ്പരിവർ സംഘടനകൾ പന്തളത്ത് പ്രതിഷേധ പ്രകടനം നടത്തി. ജാമ്യം കിട്ടുന്ന തരത്തിലുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തതെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. വിവിധ സംഘടനകൾ ജില്ല പോലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് പരാതികൾ നൽകുകയും സമര പ്രഖ്യാപനം നടത്തിയും ചെയ്തു. സംഭവം കഴിഞ്ഞ നാലു ദിവസത്തിന് ശേഷം സി.പി.എമ്മും സമര രംഗത്തുണ്ടായിരുന്നു. അക്രമണത്തിന് ഇരയായവർ സി.പി.എം അനുഭാവികളാണ്.