തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നായിരുന്നു സമസ്തയടക്കമുള്ള സംഘടനകളുടെ നിലപാട്. ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
സംസ്ഥാന സർക്കാരിന്‍ന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍. 2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.