കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉപദേശക സമിതിയുടേത് ഉള്‍പ്പടെയുള്ള ഹര്‍ജികളില്‍ ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വംബെഞ്ചിന്റേതാണ് വിധി. 2017ല്‍ ഭക്തജന സമിതിക്ക് ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയുടെ പദവി നല്‍കിയെങ്കിലും ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 2018ല്‍ ഇത് പിന്‍വലിച്ചു. ശേഷം രൂപീകരിച്ച ഉപദേശക സമിതിയുടെ പ്രസിഡന്റ് സുകുമാരമേനോന്‍ ഉള്‍പ്പടെയുള്ളവരാണ് ഭൂമികളും ബാങ്ക് അക്കൗണ്ടുകളും സ്വര്‍ണവും മറ്റും ഭക്തജനസമിതി ബോര്‍ഡിന് കൈമാറുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ഈ വസ്തുക്കള്‍ വാങ്ങിയതെന്നായിരുന്നു ഭക്തജനസമിതിയുടെ വാദം. ദേവസ്വം ബോര്‍ഡിനെ സഹായിക്കുക എന്നല്ലാതെ ഉപദേശകസമിതിക്ക് പ്രത്യേകം നിയമപരമായ നിലനില്‍പ്പോ സ്വതന്ത്രമായ അസ്തിത്വമോ ഇല്ലെന്ന് ഉത്തരവില്‍ പറയുന്നു. സംഭാവന പിരിവുകള്‍ കൃത്യമായി രേഖപ്പെടുത്താതിരിക്കുക, വൗച്ചറുകളില്ലാതെ പണം ചെലവഴിക്കുക, പൊതുവഴിപാടുകള്‍ സുതാര്യമല്ലാത്ത രീതിയില്‍ കൈകാര്യംചെയ്യുക, അന്നദാനത്തിനായി വന്‍തുക രസീതുകളില്ലാതെ ചെലവഴിക്കുക തുടങ്ങി തുറവൂര്‍ ക്ഷേത്രസമിതിയുടെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ വിവരിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകളും കോടതി വിലയിരുത്തി.






























