കൊച്ചി : സംസ്ഥാനത്തെ വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സീൻ വിൽപ്പന നിർത്തിവെക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
വാക്‌സീൻ വിതരണത്തിലെ മെല്ലെപ്പോക്കിൽ കേന്ദ്ര സർക്കാരിനോടുള്ള അതൃപ്തി ഹൈക്കോടതി അറിയിച്ചിരുന്നു. ഇങ്ങനെ പോയാൽ രണ്ട് വർഷം വേണ്ടിവരും വാക്സീൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതി വിമർശനം. ഈ സാഹചര്യത്തിൽ കേരളം ആവശ്യപ്പെട്ട വാക്സീൻ എപ്പോൾ നൽകും എന്നതടക്കം അറിയിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. വാക്സീൻ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ കോടതിയെ വാക്കാൽ അറിയിച്ചത്.