തൃശ്ശൂർ : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ (high rich online shoppe https://highrich.in) സ്വത്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാനും തൃശ്ശൂര്‍ ജില്ലാ കളക്ടർ കൃഷ്ണ തേജ ഉത്തരവിട്ടു. ഹൈറിച്ചിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെയാണ് കളക്ടര്‍ ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹൈറിച്ച് തട്ടിപ്പിനിരയായ ആയിരക്കണക്കിന് നിക്ഷേപകരുടെ പണം നഷ്ടമാകാതിരിക്കാനുള്ള ആദ്യ നടപടിയാണ് ബഡ്‌സ് ആക്ടിലെ പ്രൊവിഷണൽ അറ്റാച്ച്മെന്റ് ഓർഡർ വഴി കളക്ടർ നടപ്പാക്കിയിരിക്കുന്നത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് (ഞെരുവിശ്ശേരി, ആറാട്ടുപുഴ, തൃശ്ശൂര്‍), കമ്പിനിയുടെ ഡയറക്ടര്‍ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍, പ്രതാപന്റെ ഭാര്യ കാട്ടൂകാരന്‍ ശ്രീധരന്‍ ശ്രീന എന്നിവരാണ് പ്രതിപ്പട്ടികയില്‍. പ്രതികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇവരുടെ പേരിലുള്ള വസ്തു വകകളുടെ വില്‍പ്പന തടഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് നല്‍കി. ലീഡ് ബാങ്ക് മാനേജര്‍ മുഖേന ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്ക് മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ കേന്ദ്ര ഓഫീസ് സ്ഥാപിച്ചാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്.
ആഭ്യന്തര സെക്രട്ടറിയുടെയും കോമ്പിറ്റന്റ് അതോറിറ്റിയുടേയും ഉത്തരവ് ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലം മനപൂര്‍വം വൈകിക്കുകയായിരുന്നു. ജി.എസ്.ടി റെയിഡിനെ തുടര്‍ന്ന് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയെങ്കിലും പത്തനംതിട്ട മീഡിയ ഉള്‍പ്പെടെയുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഹൈറിച്ച് തട്ടിപ്പിന്റെ വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിച്ചു. ഇതോടെ ആഭ്യന്തര സെക്രട്ടറിയുടെയും കോമ്പിറ്റൻറ് അതോറിറ്റിയുടേയും ഓർഡർ നടപ്പാനുള്ള ഉത്തരവ് ഇന്നലെ വൈകിട്ട് ജില്ല കളക്ടർ പുറപ്പെടുവിക്കുകയായിരുന്നു. ഇ.ഡിയും ഇന്‍കം ടാക്സ് ഡിപ്പാർട്ടുമെന്റും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അമിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
ഹൈറിച്ച് OTT ഫ്ലാറ്റ്ഫോമിലേക്ക് മൂന്ന് ലക്ഷം ബോണ്ടുകൾ 5 ലക്ഷം വിലയിട്ട് നൽകി നിയമ വിരുദ്ധമായി തട്ടിയെടുത്തത് 15000 കോടിയാണ്. ഒരു ബോണ്ടിന്റെ വില 5 ലക്ഷം. രണ്ട് വർഷത്തേക്കാണ് ബോണ്ട്. രണ്ട് വർഷം കഴിയുമ്പോൾ ബോണ്ട് തുകയടക്കം 55 ലക്ഷം രൂപ തിരികെ ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൂടാതെ മണിച്ചെയിൽ വഴി ഏകദേശം 8000 കോടി രൂപയും തട്ടിയെടുത്തു. ഇതിൽ 5000 കോടി രൂപ വിദേശത്തേക്ക് കടത്തിയതായും സംശയിക്കുന്നു.