കൊച്ചി : കളമശേരിയില്‍ പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ ജഡ്ജിയടക്കം ക്വാറന്റൈനിലായ സാഹചര്യത്തില്‍ ഹൈക്കോടതി അടയ്ക്കുന്നത് സംബന്ധിച്ച യോഗം ഇന്ന്. ഹൈക്കോടതിയിലെ ഭരണ നിര്‍വ്വഹണ വിഭാഗമാണ് യോഗം ചേരുന്നത്. കൊറോണ സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്.
ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന് ഇക്കാര്യം ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതി ഭരണ നിര്‍വഹണ വിഭാഗം യോഗം ചേരാന്‍ തീരുമാനിച്ചത്. നാളെ കോടതി സാധാരണഗതിയില്‍ പ്രവര്‍ത്തന ദിവസമായതിനാലാണ് അവധി ദിനമായ ഇന്ന് യോഗം ചേരുന്നത്.
കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുകയും പോലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടു വന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജഡ്ജി ക്വാറന്റെയ്‌നില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. അതേസമയം വിജലന്‍സ് ഓഫീസിലും പോലീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവരും നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച്ച കൊറോണ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.