ഷില്ലോംഗ് : ഹിന്ദിഭാഷക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ. ഹിന്ദി പഠിക്കുന്നവർക്ക് വളരെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ സെന്റർ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷയുടെ അതിർത്തികൾ കടന്ന് സഞ്ചരിച്ചില്ലെങ്കിൽ ജോലി ലഭിക്കുക വളരെ പ്രയാസമാണ്. വടക്കു കിഴക്കൻ മേഖലയിൽ നിന്ന് രാജ്യത്തെ സാമ്പത്തികമായി വികസിതമായ സംസ്ഥാനങ്ങളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന യുവാക്കൾ ഹിന്ദി പഠിക്കേണ്ടത് വളരെയധികം സഹായിക്കും. ഞാൻ ദില്ലിയിലാണ് പഠിച്ചത്. ഹിന്ദി സംസാരിക്കാനും പഠിച്ചു. ദില്ലിയിൽ എത്തുമ്പോൾ മന്ത്രിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഹിന്ദിയിൽ സംസാരിക്കാൻ സാധിക്കും. ആശയവിനിമയത്തിൽ വളരെ കംഫർട്ട് ആകാൻ എനിക്ക് സാധിക്കും. സാംഗ്മ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനം പ്രവർത്തനമാരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സാംഗ്മ, ഹിന്ദി പഠിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വടക്ക്കിഴക്കൻ മേഖലകൾ ഭാഷകളാലും സംസ്കാരത്താലും സമ്പന്നമാണ്. ഇവിടുത്തെ ജനങ്ങളുടെ സ്വത്വമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിരവധി ഭാഷകൾ ഇല്ലാതായിട്ടുണ്ട്. ഈ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ പുസ്തകങ്ങളും പ്രമാണങ്ങളും മാത്രം പോര ആധുനിക സാങ്കേതിക വിദ്യ കൂടി ഉപയോഗിക്കണമെന്ന് സാംഗ്മ വിശദീകരിച്ചു. 2022 ജനുവരി 22 ന് മേഘാലയ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. ഗാരോ, ഖാസി ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിക്കാൻ ജനങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. മേഘാലയ നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഈ ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കുള്ള പാരിതോഷികമായിരിക്കും.
ത്രിപുര, മിസ്സോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദി പഠിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനും ഷില്ലോംഗ് സെന്ററും സഹായിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഭാഷാ പഠനം ആരുടെയും മേൽ അടിച്ചേൽപിക്കാൻ സാധിക്കില്ലെന്നും എന്നാൽ മാതൃഭാഷക്ക് പുറമെ മറ്റൊരു ഭാഷ കൂടി പഠിക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു.