പത്തനംതിട്ട : കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിവര ശേഖരണവും സജീവമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്. ഇതുവരെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായവരുടെ വിവര ശേഖരണം പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയിലെ 19 കമ്യൂണിറ്റി കൗണ്‍സിലര്‍മാരും സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായുള്ള കൗണ്‍സിലറും സര്‍വീസ് പ്രൊവൈഡറും ഉള്‍പ്പെടുന്നവരാണു കളക്ടറേറ്റില്‍ ആരംഭിച്ച കൊറോണ സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശമനുസരിച്ച് എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ തങ്ങളുടെ ജോലി ആരംഭിക്കും. ആരോഗ്യവകുപ്പ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും ഓരോരുത്തരെയായി വിളിക്കുകയും അവരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃത വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുകയും ചെയ്യും. ദിവസം 75 മുതല്‍ 130 പേരുടെ വിവരങ്ങളാണു ഫോണിലൂടെ കണ്ടെത്തുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍, അവരുടെ പേര്, മേല്‍വിലാസം, നിരീക്ഷണത്തില്‍ കഴിയാന്‍ ആരംഭിച്ച തീയതി, പ്രായം, ആരോഗ്യവിവരങ്ങള്‍, നിലവിലുള്ള അസുഖങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍, ആവശ്യമായ ആരോഗ്യസേവനങ്ങള്‍, മറ്റു സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്.
കൊറോണ സംബന്ധിച്ച മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ടെലി കൗണ്‍സിലിംഗും നല്‍കുന്നു. വൈകുന്നേരം ആറിന് മുമ്പായി ഇവര്‍ വിവരങ്ങള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സെല്ലിലേക്കു കൈമാറും. ആദ്യമെല്ലാം ഒറ്റപ്പെടലിന്റെ വിഷമതകള്‍ പ്രകടിപ്പിച്ചവര്‍ പോലും ഇപ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ടെന്നു ബോധ്യപ്പെട്ടതോടെ സ്‌നേഹത്തോടും സൗഹൃദത്തോടും സംസാരിച്ചു തുടങ്ങിയെന്നു ഇവര്‍ പറയുന്നു. മരുന്ന് ആവശ്യമുളളവര്‍ക്ക് അവരുടെ പ്രദേശത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നോ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നോ മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള നിര്‍ദേശം നല്‍കുകയും ലഭ്യമാക്കിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണമോ മറ്റ് അവശ്യസാധനങ്ങളോ ആവശ്യമുള്ളവര്‍ക്ക് അതത് പഞ്ചായത്തുമായോ സന്നദ്ധസംഘടകളുമായോ ബന്ധപ്പെട്ട് അതും ഇവര്‍ ലഭ്യമാക്കുന്നുണ്ട്.