കൊച്ചി: സ്വവര്‍ഗാനുരാഗികളെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമ പരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസി അവകാശപ്പെടുന്നത്.
സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ചു മനസ്സിലാക്കണമെന്നാണു സഭയുടെ നിലപാട്. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി സഭ കാണുന്നില്ല. എന്നാല്‍, സിവില്‍ ബന്ധമായി ചില രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കു വേണ്ടിയുള്ള അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണെന്നും കെസിബിസി വ്യക്തമാക്കി.
റോം ചലച്ചിത്രമേളയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച ‘ഫ്രാന്‍സെസ്കോ’ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
എല്‍ജിബിടി സമൂഹത്തിലുള്ളവര്‍ ദൈവമക്കളാണെന്നും പരിഗണനയും സ്നേഹവും അര്‍ഹിക്കുന്നുണ്ടെന്നും മാര്‍പാപ്പ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.