തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാണ് സതീശൻ്റെ പ്രതികരണം. വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നമായത്. വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്പ് കാലാവസ്ഥ മാറ്റങ്ങളെ കുറച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കാലാവസ്ഥ മാറ്റങ്ങൾ മുമ്പിൽ കണ്ടാണ് കെ റെയിലിനോട് നോ പറഞ്ഞത്. തീരദേശ ഹൈവേ വേണ്ട എന്നും പറഞ്ഞത്. പ്രധാനഘട്ടത്തിലേക്ക് പോകുകയാണ്. പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ സർക്കാർ മുമ്പാകെ സമർപ്പിക്കും. യുഡിഎഫ് പൂർണ്ണമായും സഹകരിക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിൽ അപൂർണ്ണമായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള തീരുമാനം കോൺഗ്രസ് ഒന്നിച്ചെടുത്തതാണെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.
കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതര്‍ക്ക് നൽകും. ദുരിതബാധിതര്‍ക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.