അഞ്ചരക്കണ്ടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്നുവീണു. സംഭവത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളായ പാലപ്പുഴ സ്വദേശിനി വിലാസിനി (45), പൂക്കോട് സ്വദേശി അഫ്സല് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കണ്ണാടി വെളിച്ചത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയില്‍ നിര്‍മിക്കുന്ന ഹാളിന്റെ ചുവരും സണ്‍ഷേഡുമാണ് തകര്‍ന്നു വീണത്. മുകളില്‍ ജോലിയില്‍ ഏര്‍പ്പെട്ടവരാണ് വീണത്. താഴത്തെ നിലയോട് ചേര്‍ത്തുനിര്‍മിച്ച ഷീറ്റില്‍ വീണ ശേഷമാണ് ഇവര്‍ നിലത്തെത്തിയത്.
നാലുവരി ഉയരത്തിലുള്ള ചെങ്കല്‍ ചുവരും ഇതിനുചേര്ന്ന് മുകളിലായി നിര്‍മിക്കുന്ന സണ്‍ഷേഡും ഏതാണ്ട് 15 മീറ്റര്‍ നീളത്തില്‍ നിലംപൊത്തുകയായിരുന്നു. ചെങ്കല്‍ ചുവരും പുറത്തുനിന്നുള്ള താങ്ങും മാത്രമാണ് ഇത് താങ്ങിനിര്‍ത്തുന്നത്. പുറത്തുനിന്ന് നല്കിയ താങ്ങ് ശരിയായ രീതിയില്‍ അല്ലാതായതാണ് അപകട കാരണം. ചക്കരക്കല്ല് പോലീസ് സ്ഥലം സന്ദര്‍ശിച്ചു.