കോന്നി : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ 13 ആം വാര്‍ഡായ ഇടിഞ്ഞുകുഴിയില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ താമസക്കാരില്ലാതെ നശിക്കുന്നു. 13 വീടുകളാണ് നാശത്തിന്റെ വക്കിലെത്തിയത്. പല വീടുകളുടെയും കതകുകളും ജനലുകളും ദ്രവിച്ചുതുടങ്ങി. ഇതില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും കാടുകയറി മൂടിയതിനാല്‍ ഇവിടെ വീടുകളുണ്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിയില്ല. 17 വീടുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വാര്‍ഡില്‍ നിര്‍മ്മിച്ചത്. ഇതില്‍ നാലിടത്ത് മാത്രമാണ് താമസക്കാരുള്ളത്. കലഞ്ഞൂര്‍ പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
ഭൂമി വാങ്ങുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 3.75 ലക്ഷം രൂപയും ചില കുടുംബങ്ങള്‍ക്ക് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2.25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിനുപുറമെ ലൈഫ് പദ്ധതിയില്‍ നാല് ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കി. പട്ടിക ജാതി വികസന വകുപ്പിന്റെ സഹകരണവും പദ്ധതിക്ക് ലഭിച്ചു. 2021 ലാണ് വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി നല്‍കി വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. കലഞ്ഞൂരിലെ പ്രധാന ജംഗ്ഷനില്‍ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളില്‍ ആരും താമസക്കാരില്ലെന്ന് അറിഞ്ഞിട്ടും ഈ വിഷയത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ആരും താമസിക്കാന്‍ എത്താത്തത് എന്നതില്‍ കൃത്യമായ മറുപടിയും അധികാരികള്‍ നല്‍കുന്നില്ല.






























