കാലുവാരലിനും കുതികാല്‍ വെട്ടിനും പേരുകേട്ട തിരുവല്ല മണ്ഡലം – പേരുദോഷം യു.ഡി.എഫ് മാറ്റുമോ ?

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഴിഞ്ഞ നാല് തവണയായി എല്‍.ഡി.എഫിന്, യുഡിഎഫ് താലത്തിൽ വെച്ച് കൊടുക്കുന്ന ഒരു നിയമസഭാ മണ്ഡലമാണ് തിരുവല്ല. സ്ഥാനാർത്ഥികളെ മാറി മാറി പരീക്ഷിച്ച് സ്വയം പരാജയം ഏറ്റുവാങ്ങിക്കൊണ്ട്  ഇടതുപക്ഷത്തെ അഡ്വ. മാത്യു ടി തോമസിന് വിജയം സമ്മാനിക്കുകയായിരുന്നു ഇവിടെ ഓരോ പ്രാവശ്യവും യു.ഡി.എഫുകാര്‍ ചെയ്തത്. മാത്യു ടി തോമസിനോട്‌ അത്ര താല്‍പ്പര്യം ഇല്ലാത്തതിനാല്‍ ഇദ്ദേഹം വിജയിക്കരുത് എന്ന് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയും തങ്ങളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രഹസ്യമായി സമ്മതിക്കുമ്പോഴും അഡ്വ. മാത്യു ടി തോമസിന് ഇവിടെ ഓരോ പ്രാവശ്യവും വിജയം ഉറപ്പായിരുന്നു. ഇതിന്റെ കാരണം വലിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മാത്യു ടി തോമസിന് ലഭിച്ചു എന്നതാണ്.

സ്ഥിരമായി കേരള കോൺഗ്രസ്സിന്റെ വിജയ മണ്ഡലം ആയ തിരുവല്ലയുടെ രാഷ്ട്രീയ ചിത്രം മാറി തുടങ്ങിയത് 2006 മുതൽ ആണ്. 2001ൽ തിരുവല്ല സീറ്റിൽ വിജയിച്ച മാമ്മൻ മത്തായി എന്ന രാഷ്ട്രീയ അതികായകൻ വിട വാങ്ങുകയും 2003ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി വിജയിക്കുകയും ചെയ്‌തു. 2006ൽ നടന്ന ജനറൽ ഇലക്ഷനിൽ അവർ പിന്മാറുകയും പകരം വിക്ടർ ടി.തോമസ് യുഡിഎഫ് സ്ഥാനാർത്ഥി ആയി വരുകയും ചെയ്തു. എന്നാൽ സുനിശ്ചിത വിജയം പ്രതീക്ഷിച്ച വിക്ടർ ടി തോമസിന് കടുത്ത പ്രഹരമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. തര്‍ക്കത്തെ തുടർന്ന് സാം ഈപ്പൻ ഇവിടെ സ്വതന്ത്രനായി മത്സരിക്കുകയും 14300 വോട്ട് നേടുകയും ചെയ്തു. ഇതോടെ 1987ൽ വിജയിച്ച അഡ്വ. മാത്യു ടി തോമസിന് തിരുവല്ല സീറ്റ് വീണ്ടും അനായാസമായി ലഭിച്ചു. 8922 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്യു ടി. തോമസ്‌  ജയിച്ചപ്പോൾ സാം ഈപ്പൻ 14300 വോട്ട് നേടി എന്നതാണ് വിക്ടർ ടി തോമസിന്റെ പതനത്തിനു കാരണം. പിന്നീട് നടന്ന 2011, 2016, 2021 തിരഞ്ഞെടുപ്പുകളിൽ റിബൽ ഇല്ലെങ്കിലും കടുത്ത കാലുവാരൽ നടത്തി കൊണ്ട് ഓരോ തവണയും മാത്യു ടി. തോമസിനെ തിരുവല്ലയുടെ എം.എല്‍.എയായി തെരഞ്ഞെടുത്തുകൊണ്ടിരുന്നു. മധുര പ്രതികാരത്തിലൂടെ ആത്മനിര്‍വൃതിയടയുന്ന  ചിലനേതാക്കള്‍ യു.ഡി.എഫില്‍ ഉണ്ടായിരുന്നതാണ് ഇതിനുകാരണം.

തിരുവല്ലയുടെ രാഷ്ട്രീയ ചിത്രം മാറിയ 2006ൽ മറ്റൊരു പ്രധാന കാരണം കൂടെ ഇലക്ഷനെ ബാധിച്ചു. മണ്ഡലം ഡി ലിമിറ്റേഷൻ നടപ്പിൽ വരുകയും ജില്ലയിലെ കല്ലൂപ്പാറ നിയോജകമണ്ഡലം ഇല്ലാതെ ആകുകയും തിരുവല്ല മണ്ഡലത്തിൽ അത് കൂട്ടി ചേർക്കപ്പെടുകയും ചെയ്‌തു. ഇത് തിരുവല്ലയുടെ തെരഞ്ഞെടുപ്പു ചിത്രം മാറ്റിമറിച്ചു.  കല്ലൂപ്പാറയുടെ രണ്ടു പതിറ്റാണ്ടിലെ ചരിത്രം നോക്കിയാൽ 1991ൽ ജോസഫ് എം. പുതുശ്ശേരിയും 1996ൽ ടി. എസ്. ജോണും 2001ൽ വീണ്ടും ജോസഫ് എം. പുതുശ്ശേരിയും ആണ് മണ്ഡലത്തിൽ ജയിച്ചത്. കല്ലൂപ്പാറയിലെ സിറ്റിംഗ് എം.എൽ.എ ആയ ജോസഫ് എം. പുതുശ്ശേരിയെ 2006 ല്‍ കല്ലൂപ്പാറ പ്രദേശം കൂട്ടിചേര്‍ത്ത തിരുവല്ല മണ്ഡലത്തില്‍ പരിഗണിച്ചില്ല. തിരുവല്ലയിൽ നല്ല “സ്വാധീനം” ഉള്ള സ്ഥാനാർത്ഥി വേണം എന്ന ചിലരുടെ കടുംപിടുത്തമായിരുന്നു ഇതിനു കാരണം. അതുകൊണ്ടുതന്നെ പരസ്പരം കാലുവാരല്‍ നടന്നു. മാത്യു ടി. തോമസ് ഇവിടെ അനായാസം വിജയിക്കുകയും ചെയ്തു.

തുടർന്ന് 2011ൽ റിബൽ ഭീഷണി ഇല്ലാതെ വീണ്ടും വിക്ടർ ടി തോമസ് മത്സരിച്ചു എങ്കിലും 10767 വോട്ടുകൾക്ക് മാത്യു ടി. തോമസ് വിജയിച്ചു. നിലവില്‍ വിക്ടർ ടി തോമസ് ബി.ജെ.പിയില്‍ ആണ്. മാത്യു ടി. തോമസിന്റെ ക്ളീൻ ഇമേജും മാർത്തോമാ സഭയുടെ അകമഴിഞ്ഞ പിന്തുണയും ഒക്കെ ഈ കാലത്തു ഇലക്ഷനിൽ പ്രതിഫലിച്ചു. സകല അടവും പയറ്റി നോക്കി മടുത്തിരിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പ് 2016ൽ സഹികെട്ട് പുതുശ്ശേരിക്ക് ഒരു അവസരം കൊടുത്തു. പുതുശ്ശേരി ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും 8262 വോട്ടുകൾക്ക് മാത്യു ടി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മാത്യു ടി. തോമസ് മന്ത്രി ആകുകയും ചെയ്‌തു. പുതുശ്ശേരിയുടെ തോൽവിക്ക് പിന്നിൽ വ്യക്തമായ കാലുവാരല്‍ ഉണ്ടായിരുന്നു. തുടർന്ന് 2021ൽ അടുത്ത പരീക്ഷണത്തിന് വീണ്ടും യുഡിഎഫ് മുതിരുകയും മല്ലപ്പള്ളിക്കാരനായ കുഞ്ഞുകോശി പോളിന് അവസരം ലഭിക്കുകയും ചെയ്‌തു. കടുത്ത മത്സരം കാഴ്ച വെച്ചെങ്കിലും 11421 വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിൽ മാത്യു ടി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതോടെ പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് വീണ്ടും പ്രതിരോധത്തിൽ ആകുകയും എല്ലാം മണ്ഡലങ്ങളും എൽഡിഎഫിന് സമ്മാനിക്കുകയും ചെയ്‌തു.

തിരുവല്ല മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ട്. ഇതിനു പിന്നില്‍ മുതിര്‍ന്ന നേതാവ് പ്രൊഫ. പി.ജെ കുര്യന്റെ അതിബുദ്ധി ആയിരുന്നു എന്നുവേണം പറയുവാന്‍. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അവിടെനിന്നും തനിക്ക് മത്സരിക്കാമെന്നും ഇദ്ദേഹം കണക്കുകൂട്ടി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവിടെ തുടര്‍ച്ചയായി പരാജയപ്പെടുവാന്‍ കാരണവും പി.ജെ കുര്യന്റെ ഈ അത്യാഗ്രഹമാണെന്ന് പറയുന്നു. ഈ തെരഞ്ഞെടുപ്പിലും മണ്ഡലങ്ങള്‍ വെച്ചുമാറണമെന്ന ചര്‍ച്ച വീണ്ടും  ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നിലും പി.ജെ. കുര്യന്‍ തന്നെയാണ്. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തിരുവല്ല മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കേരള കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ റാന്നി നല്‍കാനുമാണ് ആലോചിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങള്‍ യു.ഡി.എഫിന് നഷ്ടമാകും.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ജില്ല പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വ.വർഗീസ് മാമ്മനെയാണ് ഈ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യത. മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയുടെ പേരും പരിഗണനയിലുണ്ട്. മാർത്തോമ്മാസഭ മുൻ അൽമായ ട്രസ്റ്റി ആയിരുന്നതും വർഗീസ് മാമ്മന് ഗുണം ചെയ്യും. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ തിരുവല്ല സീറ്റ് പിടിച്ചെടുക്കുവാന്‍ കഴിയും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...

തിരുവല്ല വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു

0
തിരുവല്ല : തിരുവല്ല മുത്തൂരില്‍ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ...

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...