മലപ്പുറം : കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മാരക മയക്കുമരുന്നായ എംഡിഎംഎയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമാണ് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ യുവാവും പിടിയിലായി. കൊണ്ടോട്ടി ഒഴുകൂര്‍ മലയത്തോട്ടത്തില്‍ സ്വദേശി കച്ചേരിക്കല്‍ വീട്ടില്‍ പി കെ ഷെഫീഖിനെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വെച്ച് വില്പനയ്ക്കായി മയക്കുമരുന്നുകള്‍ ചെറു പൊതികളിലാക്കുന്നതിനിടെയാണ് ഷെഫീഖ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എംഡിഎംഎയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി. പുതുവര്‍ഷം പ്രമാണിച്ച് ഷെഫീഖിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലേക്ക് ഉള്‍പ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകള്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിരുന്നു.