തിരുവനന്തപുരം: ഓണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധന. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തുനിന്നാണ് ഏറ്റവും കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരുന്നത്. മുംബൈയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്കിന്റെ പകുതിയില്‍ താഴെ മാത്രം അടച്ചാല്‍ മതിയാകും. ഓണം മാത്രമല്ല, വേനലവധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്ന സമയമെന്നതും നിരക്ക് വര്‍ധനയ്ക്ക് പിന്നിലെ കാരണമാണ്.
സീസണ്‍ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതാണ് വിമാനക്കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന പ്രധാന രീതി. ഒരു വിമാനത്തില്‍ തന്നെ ഒരാഴ്ചയില്‍ പല തവണയാണ് നിരക്കുകളില്‍ മാറ്റമുണ്ടാകുന്നത്. ഓണത്തിന് ശേഷം കേരളത്തില്‍ നിന്ന് ബജറ്റ് എയര്‍ലൈനിലോ ഫുള്‍ സര്‍വീസ് എയര്‍ലൈനിലോ മടങ്ങിപ്പോകുന്ന പ്രവാസി ശരാശരി 40,000 മുതല്‍ 75,000 രൂപ വരെയാണ് നല്‍കേണ്ടി വരിക. എന്നാല്‍ ഇതേ യാത്രയ്ക്ക് മുംബൈയില്‍ നിന്നാണെങ്കില്‍ 13,000 രൂപ മുതല്‍ 25,000 വരെ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ ഓണശേഷം കേരളത്തിലേക്ക് വരാനാണെങ്കില്‍ 9,000 മുതല്‍ 15,000 രൂപ വരെ നല്‍കിയാല്‍ മതിയാകും.