ആലപ്പുഴ : 2019 ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ ദിവസവേതനത്തില്‍ ജോലി ചെയ്ത അധ്യാപികക്കുള്ള ശമ്പളം സ്കൂള്‍ മാനേജറില്‍ നിന്നു ഈടാക്കിയാണെങ്കില്‍ പോലും ഉടന്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നല്‍കാനാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവന്ന എം.എസ്. ശ്രീലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറെ കമ്മീഷന്‍ സിറ്റിങ്ങില്‍ വിളിച്ചു വരുത്തി. ഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്ര പരസ്യത്തിന്‍റെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നിയമനമായതിനാലാണ് നിയമനത്തിന് അംഗീകാരം നല്‍കാത്തതെന്നും പറയുന്നു.
എന്നാല്‍ നിഷേധാത്മക നിലപാടാണ് സ്കൂള്‍ മാനേജര്‍ കമ്മീഷന് മുന്നില്‍ സ്വീകരിച്ചത്. സ്കൂള്‍ മാനേജര്‍ നിയമാനുസരണം നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സാങ്കേതിക പ്രശ്നം മാത്രമാണ് വേതനം നല്‍കാത്തതിന് പിന്നിലുള്ളതെന്ന് കമ്മീഷന്‍ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ മാനേജരും പരസ്പരം പഴി ചാരുകയാണെന്ന് കമ്മീഷന്‍ അറിയിച്ചു. സാങ്കേതികത്വം പറഞ്ഞ് ജോലി ചെയ്ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവില്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.