തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചെന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ വിമർശനത്തോട് പ്രതികരിച്ച് ബിനോയ് വിശ്വം. അത്രയും അനുഭവസമ്പത്തുള്ള നേതാക്കൾക്ക് പാർട്ടി സംഘടനാ കാര്യങ്ങൾ എവിടെ പറയണമെന്നറിയാം. സഖാവ് കെഇ ഇസ്മയിൽ അങ്ങനെ പറഞ്ഞു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കാനം രാജേന്ദ്രൻ്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിൽ രംഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.