ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചത്. രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. തുടര്‍ന്ന് ഒരു ഷട്ടര്‍ 35 സെന്റിമീറ്ററില്‍ നിന്ന് 40 സെന്റീമീറ്ററായി ഉയര്‍ത്തുകയും ചെയ്‌തു.
ജലനിരപ്പ് 2397.90 അടിയിലെത്തിയതോടെയാണ് ഷട്ടര്‍ അടയ്‌ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അനുമതി നല്‍കിയത്. ഒക്ടോബര്‍ 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഷട്ടര്‍ വഴി പുറത്തേക്ക് ഒഴുകിയത്.