ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ആശങ്കകള്‍ അകന്നു. മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നും അത് കൂടുതല്‍ പേരെ കുടിയൊഴിപ്പിക്കാനും മറ്റ് മുന്‍കരുതല്‍ എടുക്കാനും കാരണമാകുമെന്ന് ആശങ്ക നിലനിന്നിരുന്നു. ഇതിനാണ് വെള്ളിയാഴ്ച ആശ്വാസമായത്. 2398.30 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
ഈ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും റെഡ് അലര്‍ട്ട് പിന്‍വലിച്ചതായും കെഎസ്‌ഇബി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ രണ്ട് സ്പില്‍വേ ഷട്ടര്‍ തുറന്നെങ്കിലും ഇവിടുത്തെ വെള്ളം ഇതുവരെ ഇടുക്കി അണക്കെട്ടില്‍ എത്തിയിട്ടില്ലെന്നും, അങ്ങനെ എത്തിയാലും ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കെഎസ്‌ഇബി അറിയിച്ചു.
രാത്രിയോടെ വെള്ളം എത്തിയാലും നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടി വരില്ല. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 534 ഘന അടി ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേയ്‌ക്ക് ഒഴുക്കിയത്.