ഇടുക്കി : ഇടുക്കിയിലെ പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന പിതാവിന്റെ അര്‍ദ്ധസഹോദരനായ അനു എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. പ്രണയത്തില്‍ നിന്ന് പിന്മാറിയ രേഷ്മയെ കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. അതേസമയം ഒളിവിലുള്ള അനുവിനെ പിടികൂടാന്‍ ഇനിയും പോലീസിനായിട്ടില്ല.
അനുവിന്റെ പേരിലുള്ള കത്ത് രാജകുമാരിയിലെ ഇയാളുടെ വാടകവീട്ടില്‍ നിന്നാണ് പോലീസിന് കിട്ടിയത്. രേഷ്മയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പ് മൂലം ഇതില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ താന്‍ കൊല്ലുമെന്നുമാണ് അനു കൂട്ടുകാര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്. കൊലനടത്തി താന്‍ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ബൈസണ്‍ വാലി സ്വദേശിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിനടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലാണ് കുത്തിയിരുന്നത്. സംഭവദിവസം വൈകിട്ട് രേഷ്മയെ അനു സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. കൊലനടന്ന സ്ഥലത്തിന് സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയിലും ഇത് പതിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ട രേഷ്മയുടെ ചെറിയച്ഛന്‍ കൂടിയായ അനുവിനായി പോലീസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം തുടരുകയാണ്. ഇയാളുടെ പക്കല്‍ ഫോണില്ലാത്തതിനാല്‍ ലൊക്കേഷന്‍ കണ്ടത്താനുള്ള പോലീസിന്റെ ശ്രമം നടക്കുന്നില്ല. അനുവിന്റെ ബന്ധുക്കളെയും കൂട്ടുകാരെയും ചോദ്യം ചെയ്താല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.