പത്തനംതിട്ട : പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാര നടപടികള്‍.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം. അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണെന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്ല ശതമാനം പരാതികള്‍ക്കും അദാലത്തിലൂടെ പരിഹാരം കാണാനാകുന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ അദാലത്തിന് പിന്നാലെ തുടര്‍യോഗങ്ങള്‍-പരിശോധന നടത്തി പരിഹാര നടപടികള്‍ വേഗത്തിലാക്കി. അദാലത്തിലെ തീരുമാനങ്ങള്‍ ചുവപ്പ് നാടയിലും കോടതി വരാന്തകളിലേക്കും നീളരുത് എന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ റ്റി സക്കീര്‍ ഹുസൈന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെ ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്‍സണ്‍ വിളവിനാല്‍, മിനി ജിജു ജോസഫ്, മറ്റു ജനപ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.