പത്തനംതിട്ട : തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും മൃഗശാലയുടെ പുനരധിവാസത്തിനായി പത്തനംതിട്ട ജില്ലയിലെ കോന്നി അല്ലെങ്കിൽ റാന്നി വനമേഖലയോട് ചേർന്നുള്ള അനുയോജ്യമായ ഭൂമി ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ ഉൾപ്പെട്ട പ്രദേശം അല്ലെങ്കിൽ റാന്നി താലൂക്കിലെ വനമേഖലയോട് ചേർന്നുള്ള വിശാലമായ റവന്യൂ ഭൂമി ഇതിനായി ഏറ്റവും അനുയോജ്യമാണ്. നിലവിൽ കോന്നിയിൽ ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ സ്വാഭാവിക വനാന്തരീക്ഷവും ജൈവവൈവിധ്യവും മൃഗങ്ങൾക്ക് തികച്ചും സ്വാഭാവികവും വിസ്തൃതവുമായ വാസസ്ഥലം ഉറപ്പുനൽകുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ‘സഫാരി പാർക്ക്’ അല്ലെങ്കിൽ ‘ഓപ്പൺ സൂ’ ആരംഭിക്കാൻ പത്തനംതിട്ടയിലെ ഈ പ്രദേശങ്ങൾ തികച്ചും സജ്ജമാണ്. വനസമ്പത്തുകൊണ്ടും മികച്ച കാലാവസ്ഥകൊണ്ടും അനുഗ്രഹീതമായ പത്തനംതിട്ടയിൽ പദ്ധതി നടപ്പിലാക്കുന്നത് ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും വികസനത്തിനും വലിയ കുതിച്ചുചാട്ടമേകും. അതിനാൽ തിരുവനന്തപുരത്തുനിന്ന് മാറ്റിസ്ഥാപിക്കുന്ന മൃഗശാലയ്ക്കായി കോന്നിയിലെയോ റാന്നിയിലെയോ അനുയോജ്യമായ ഭൂമി കണ്ടെത്തി പദ്ധതിക്കായി ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും റവന്യൂ – വനം വകുപ്പുകളോടും നഹാസ് പത്തനംതിട്ട അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം മൃഗശാല മാറ്റുന്നുവെങ്കിൽ പകരം കോന്നിയിലോ റാന്നിയിലോ അനുയോജ്യമായ സ്ഥലം അനുവദിക്കണം : നഹാസ് പത്തനംതിട്ട
RECENT NEWS
Advertisment






























