തിരുവനന്തപുരം: മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹർജിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ഈ കേസിലെ പ്രതികളില്‍ ഒരാളായ ആന്‍റോ അഗസ്റ്റിൽ അറസ്റ്റിലാണ്. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച സംഭവത്തിൽ ഇന്ന് പുലർച്ചയോടെയാണ് ആന്‍റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.
ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്‍റോയെ വയനാട്ടിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആന്‍റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.































