പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനമാരംഭിക്കുവാന്‍ ഇനി 62 ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായ പത്തനംതിട്ടയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയില്ല. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടനം തുടങ്ങുന്നതിന് രണ്ടുമാസങ്ങള്‍ക്ക് മുന്‍പുതന്നെ ജില്ലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇടത്താവളത്തിന്റെ നവീകരണം ആരംഭിക്കുവാന്‍ പത്തനംതിട്ട നഗരസഭ അലംഭാവം കാട്ടുകയാണ്. ഇടത്താവളത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി നടന്നിരുന്ന മേളയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതാണ് സൗകര്യങ്ങളൊരുക്കുവാന്‍ തടസ്സമാകുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാന കൗണ്ടർ, കുടിവെള്ളം, ഭക്തര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം, ഒരേ സമയം 200 പേര്‍ക്കോളം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാല, വിശ്രമിക്കുന്നതിനുള്ള സൗകര്യം, പോലീസ് എയ്ഡ് പോസ്റ്റ്, ശൗചാലയങ്ങള്‍, ആയൂര്‍വേദ – അലോപ്പതി – ഹോമിയോ ചികിത്സ കേന്ദ്രങ്ങള്‍, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യുന്നതിനുള്ള സൗകര്യം, വിറകുപുര എന്നിവയും ഇടത്താവളത്തില്‍ ഒരുക്കിയിരുന്നു. പത്തനംതിട്ട നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പ ഭക്തരും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തരും പത്തനംതിട്ടയിലെ ഇടത്താവളത്തിലെത്തിയ ശേഷമാണ് ശബരിമലയിലേക്ക് പോവുക.
ഇടത്താവളത്തില്‍ നടന്ന മേളയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സാമഗ്രികള്‍ ഒന്നരമാസത്തിനുള്ളില്‍ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇടത്താവളത്തിലേക്ക് കയറുന്ന റോഡില്‍ രൂപപ്പെട്ട വലിയ കുഴികളും നികത്തുവാനുണ്ട്. കുഴികള്‍ കാരണം ഇവിടെയെത്തുന്ന വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവയെല്ലാം ചെയ്തുതീര്‍ക്കണമെങ്കില്‍ ഏറെ സമയം വേണ്ടിവരും. തീര്‍ഥാടനകാലത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന ഈ ഇടത്താവളത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും നടപ്പാക്കുമെന്ന് പത്തനതിട്ട നഗരസഭ ചെയര്‍പെഴ്സണ്‍ സിന്ധു അനില്‍ പറയുമ്പോഴും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കിടയില്‍ ഇനി എന്ന് ഇവയെല്ലാം സാധ്യമാകുമെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.































