ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അനിവാര്യമായ സാഹചര്യങ്ങൾ കാരണം 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ ക്ലാസുകളും റദ്ദാക്കിയതായി ഡെപ്യൂട്ടി രജിസ്ട്രാർ വിദ്യാർഥികളെയും അധ്യാപകരെയും അറിയിച്ചിരുന്നു. എന്നാൽ, ക്യാമ്പസിൽ ഒരു സഹപാഠി മരണപ്പെട്ടിട്ടും ഒന്നും സംഭവിക്കാത്തതുപോലെ സാധാരണ രീതിയിൽ ക്ലാസുകൾ തുടരാനാകില്ലെന്നും, നിലവിലെ വ്യവസ്ഥാപിത സംവിധാനത്തിൽ ഇടവേള വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ക്ലാസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിലെ ഡീൻ, അസോസിയേറ്റ് ഡീനുകൾ, ഫിസിക്‌സ് വകുപ്പ് മേധാവി എന്നിവർ അടിയന്തരമായി രാജിവെക്കണം. മരണപ്പെട്ട ഋഷികേശിന്റെ കുടുംബത്തിന് ഒരു കോടി രൂപ അടിയന്തര നഷ്ടപരിഹാരമായി നൽകണം. ക്യാമ്പസിൽ കൗൺസിലിങ്ങിനായി എത്തുന്ന വിദ്യാർഥികൾക്കുള്ള മാനസികാരോഗ്യ പ്രോട്ടോക്കോൾ എന്താണെന്ന് അധികൃതർ പരസ്യമാക്കണം. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് മാറ്റുന്നതിൽ സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസിനുള്ള പങ്ക് വ്യക്തമാക്കണമെന്നും വിദ്യാർഥികൾ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 30 മാസത്തിനിടയിൽ ഐഐടി ഡൽഹി ക്യാമ്പസിൽ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇത് വ്യവസ്ഥാപിത പ്രശ്നമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ക്യാമ്പസുകളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട്അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കണമെന്നും ആവശ്യങ്ങളിൽ പറയുന്നു.































