പത്തനംതിട്ട : ഏപ്രിൽ 27 മുതൽ ആരംഭിച്ച ഇളകൊള്ളൂർ അതിരാത്രം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ദക്ഷിണ മധ്യ കേരളത്തിൽ ആദ്യമായാണ് അതിരാത്രം നടക്കുന്നത്. യാഗങ്ങളുടെ എല്ലാം അടിസ്ഥാനം സോമയാഗമാണ്. അഗ്നിഷ്ടോമം വരയുള്ള 12 മന്ത്രങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നതാണ് അഗ്നിഷ്ടോമ സോമയാഗം. 1000 മന്ത്രങ്ങളുൾപ്പെടുന്ന ഏറ്റവും വലിയ യാഗമാണ് അതിരാത്രം. കോന്നി ഇളകൊള്ളൂർ അതിരാത്രം നടക്കുന്ന യജ്ഞ ഭൂമിയിൽ നേരത്തെ സോമയാഗം നടന്നിരുന്നു. ഇപ്പോൾ നടക്കുന്ന അതിരാത്രത്തിലും സോമയാഗമാണ് ആദ്യം നടക്കുന്നത്. ഒരേ യജ്ഞ ഭൂമിയിൽ രണ്ടു സോമയാഗങ്ങൾക്കു ശേഷം നടക്കുന്ന അതിരാത്രമെന്ന പ്രത്യേകതയും ഈ യാഗത്തിനുണ്ട്.
ഇളകൊള്ളൂർ അതിരാത്രത്തിനുള്ള സോമ ലത എത്തിച്ചിരിക്കുന്നത് ഹിമാലയത്തിൽ നിന്നാണ്. യാഗത്തിലെ ഏറ്റവും മുതിർന്ന യാഗ ദ്രവ്യമാണ് സോമലത. പാലക്കാട്ടു നിന്ന് ലഭിക്കുന്ന സോമലത ഒഴിവാക്കിയാണ് കാശ്മീരിൽ ലഡാക്കിൽ നിന്ന് ഇളകൊള്ളൂർ അതിരാത്രത്തിലേക്കുള്ള സോമലത എത്തിച്ചത്. നചികേത ചിതിയാണ് ഈ അതിരാത്രത്തിനു തെരെഞ്ഞെടുത്ത ചിതി മാതൃക. ഇത് കേരളത്തിലാദ്യമായാണെന്നാണ് കരുതപ്പെടുന്നത്. സാധാരണ ഗരുഡന്റെ മാതൃകയിലാണ് ചിതി ഒരുക്കുക. കുട്ടികളും സ്ത്രീകളുമുൾപ്പടെ 41 വൈദികർ അതിരാത്രത്തിൽ പങ്കെടുക്കുന്നു. യജമാന പത്നിക്ക് പുറമെ സ്ത്രീ വൈദികരും കർമങ്ങളിൽ പങ്കെടുക്കുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. സംസ്‌കൃത കോളജിലെ സെന്റർ ഡയറക്ടറായ കൊമ്പക്കുളം വിഷ്ണു സോമയാജിയാണ് യാഗ യജമാനൻ, അദ്ദേഹത്തിന്റെ പത്നി ഉഷ പത്തനാടിയും സംസ്‌കൃത അധ്യാപികയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ത്രിവിധ അഗ്നികളെയും ഉപാസിച്ച് സോമയാജി യാഗ യജമാനാധികാരം അദ്ദേഹം നേടിയിരുന്നു. ഇവർ മലയാളികളാണ്. ഋത്വിക്ക് കളായ മറ്റു വൈദികർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. പൂർണമായും മൃഗ ബലി, ജന്തു പീഡ എന്നിവ ഒഴിവാക്കിയാണ് യാഗം നടക്കുന്നത്.