പത്തനംതിട്ട : സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് സംവിധാനം പ്രയോജനകരമായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും 115 സെന്‍സിറ്റീവ് ബൂത്തുകളും ഉള്‍പ്പടെ 808 ബൂത്തുകള്‍ തത്സമയ നിരീക്ഷണത്തിലായിരുന്നു. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിച്ചിരുന്നു. ലൈവ് വെബ് കാസ്റ്റിംഗിലൂടെ ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി.
പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടര്‍ നിരീക്ഷിക്കുകയും തല്‍സമയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള എല്ലാ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തിയിരുന്നു. കള്ള വോട്ട് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുതാര്യവും സുഗമവും ആക്കുന്നതിന് വെബ് കാസ്റ്റിംഗ് സഹായകരമായി. ജില്ല ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തിലുളള അക്ഷയ ജീവനക്കാരും സംരംഭകരും ഓപ്പറേറ്റര്‍മാരുമടങ്ങിയ ടീമിന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം വെബ് കാസ്റ്റിംഗ് സംവിധാനം വിജയിപ്പിക്കുന്നതിന് സഹായകമായെന്നും കളക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍ നോഡല്‍ ഓഫീസറായ വെബ് കാസ്റ്റിംഗ് ടീമില്‍ കെ-സ്വാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിബു മാത്യൂ എബ്രഹാം, അക്ഷയ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ് ഷിനു എന്നിവരടങ്ങുന്ന 15 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ജില്ലാ ഭരണകൂടം, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജില്ലാ ഐടി സെല്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി, എന്നിവയുടെ മികവുറ്റ ഏകോപനത്തോടെ സജ്ജീകരിച്ച സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണം തടസമില്ലാതെ നടത്തുന്നതിന് വഴിയൊരുക്കി.