റാന്നി: ഇട്ടിയപ്പാറയിലേയും പരിസരത്തേയും അനധികൃത പാര്‍ക്കിംങ്ങും വഴിയോര കച്ചവടവും ടൗണിലെത്തുന്ന ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു. നടപടി എടുക്കേണ്ട അധികാരികള്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നു. ചന്ത ദിവസമായ ബുധനും ശനിയും ഇതു വഴിയെത്തുന്ന യാത്രക്കാര്‍ ശരിക്കും വെള്ളം കുടിക്കും. മുന്‍പ് പഴവങ്ങാടി പഞ്ചായത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും അവരെ ചന്തയിലെ സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം അനധികൃത പാര്‍ക്കിംങ്ങും ഒഴിവാക്കിയതോടെ ടൗണില്‍ ഗതാഗതം വളരെ സുഗമമായിരുന്നു. എന്നാല്‍ സംസ്ഥാനപാതയുടെ നവീകരണം നടത്തിയതിനു പിന്നാലെ ഗതാഗതം കുത്തഴിഞ്ഞ പുസ്തകം പോലെയായി. കോവിഡിന് ശേഷം ചന്തയില്‍ പഴയ വ്യാപാരം ഇല്ലാതായതോടെ വഴിയോര കച്ചവടക്കാര്‍ ഒന്നും രണ്ടുമായി ടൗണില്‍ തിരിച്ചെത്തുകയും ഇപ്പോള്‍ അത് പൂര്‍ണ്ണമാകുകയും ചെയ്തിരിക്കുകയാണ്.
പുതുതായി നിര്‍മ്മിച്ച നടപ്പാത കൈയ്യേറിയുള്ള വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. പഞ്ചായത്ത് ഭരണ സമിതി തീരുമാനം നടപ്പിലാക്കാന്‍ നേതൃത്വം ഇപ്പോള്‍ താല്പര്യം കാട്ടുന്നുമില്ല. ഇട്ടിയപ്പാറ ടൗണിലെ പ്രധാന പ്രശ്നമാണ് അനധികൃത പാര്‍ക്കിംങ്. പാര്‍ക്കിംങ്ങിനായി പോലീസും പിഡബ്ല്യുഡിയും പഞ്ചായത്തും ചേര്‍ന്ന് സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. പുതിയ പാത വന്നതോടെ പാര്‍ക്കിംങ്ങിന് പ്രത്യേക സ്ഥലമില്ലാതായി. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലും അനധികൃത പാര്‍ക്കിംങ്ങുകാര്‍ കൈയ്യടക്കിയിരിക്കുകയാണ്. വാര്‍ത്ത ആകുന്നതോടെ പോലീസ് എത്തി ചിലര്‍ക്ക് പെറ്റി അടിക്കുന്നതോടെ അവരുടെ ജോലി തീരും.
ബസ് സ്റ്റാന്‍ഡില്‍ അന്യവാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരും പാലിക്കുന്നില്ല. വരുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണ് പലരും. കൂടാതെ ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലെ കുത്തിതിരിക്കലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാര്‍ക്കിംങ് അടയാളപ്പെടുത്തിയ ചില സ്ഥലങ്ങളില്‍ മുന്‍പ് കച്ചവടക്കാര്‍ വാഹനങ്ങള്‍ ഇടാന്‍ സമ്മതിക്കാതെ അവിടെ കടയിലെ ബോര്‍ഡുകള്‍ വെയ്ക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് ഒഴിവാക്കി പൂര്‍ണ്ണമായ വണ്‍വേയും അനധികൃത വഴിയോര കച്ചവടവും ഒഴിവാക്കാന്‍ ഭരണസമതി താല്പര്യപ്പെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്‍.